{"vars":{"id": "89527:4990"}}

ഒരു കോടി സർക്കാർ ജോലി, നാല് മെട്രോ സർവീസുകൾ; ബിഹാറിൽ എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി
 

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമപദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക ഇറക്കിയത്. ഒരു കോടി സർക്കാർ ജോലികൾ നൽകുമെന്നാണ് മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം

്‌കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ, ആർഎൽഎം നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവർ ചേർന്നാണ് പട്‌നയിൽ വെച്ച് പ്രകടന പത്രിക പുറത്തിറക്കിയത്

ഒരു കോടിയിലധികം സർക്കാർ ജോലിക്ക് പുറമെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പത്രികയിൽ അവകാശപ്പെടുന്നു. എല്ലാ ജില്ലകളിലും മെഗാ സ്‌കിൽ സെന്ററുകൾ ആരംഭിക്കും. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. ഒരു കോടി സ്ത്രീകളെ ലക്പതി ദീദിമാരാക്കും. 

അതിപിന്നാക്കെ വിഭാഗങ്ങളിൽപ്പെട്ട വിവിധ തൊഴിൽ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപ നൽകും. പട്‌നക്ക് പുറമെ ബിഹാറിൽ നാല് നഗരങ്ങളിൽ കൂടി മെട്രോ സർവീസ് ആരംഭിക്കും. പത്ത് വ്യവസായ പാർക്കുകൾ സ്ഥാപിക്കും. 5 വർഷത്തിനുള്ളിൽ 50 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും പ്രകടനപത്രികയിൽ അവകാശപ്പെടുന്നു.