{"vars":{"id": "89527:4990"}}

പഹൽഗാം ഭീകരാക്രമണം: ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

 

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ (LeT) തലവൻ ഹാഫിസ് സയീദിന് നേരിട്ട് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കേസിൽ ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻ.ഐ.എ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം (Supplementary Chargesheet) സമർപ്പിച്ചു.

​25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഹാഫിസ് സയീദാണെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. ലഷ്കർ ഇ തൊയ്ബയുടെ മുഖംമൂടി സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (TRF) വഴിയാണ് അതിർത്തി കടന്നുള്ള ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഹാഫിസ് സയീദിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, അതിർത്തിക്കപ്പുറത്ത് ഇരുന്ന് ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

​ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ നേരത്തെ സമർപ്പിച്ച 1,597 പേജുള്ള പ്രധാന കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഈ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ വിശകലനങ്ങളും വഴിയാണ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെയും ഹാഫിസ് സയീദിന്റെയും പങ്ക് എൻ.ഐ.എ കണ്ടെത്തിയത്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.