പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎ; അധിക കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണക്കേസിൽ കൊടുംഭീകരനും ലഷ്കറെ തൊയ്ബ (LeT) സ്ഥാപകനുമായ ഹാഫിസ് സയീദിനെ പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് സപ്ലിമെന്ററി കുറ്റപത്രം സമർപ്പിച്ചത്.
ഹാഫിസ് സയീദിന് പുറമെ ലഷ്കറിന്റെയും അതിന്റെ നിഴൽ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും (TRF) തലവനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജാട്ടിനെതിരെയുമാണ് കുറ്റപത്രം. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യൽ, വിദേശത്തിരുന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഭീകരർക്കെതിരെ ചുമത്തിയിട്ടുള്ളത്. പുതുക്കിയ ഭാരതീയ ന്യായ സംഹിത (BNS), യുഎപിഎ (UAPA) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
പാക് പങ്കിന് വ്യക്തമായ തെളിവ്
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന്റെ ഗൂഢാലോചനയും ഭീകരർക്ക് ലഭിച്ച വിദേശ സഹായങ്ങളും തെളിയിക്കുന്ന ശാസ്ത്രീയവും അല്ലാത്തതുമായ വ്യക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ സമർപ്പിച്ച 1,597 പേജുള്ള ആദ്യ കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഈ സപ്ലിമെന്ററി കുറ്റപത്രം. ആക്രമണത്തിന് ഉപയോഗിച്ച ഡിജിറ്റൽ തെളിവുകളും ഭീകരരുടെ ഫോൺ രേഖകളും പരിശോധിച്ചതിൽ നിന്നാണ് പാക് മണ്ണിൽ വെച്ച് ഹാഫിസ് സയീദിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രണത്തിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പാകിസ്താൻ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദ ഗൂഢാലോചനകളെ പൂർണ്ണമായും പുറത്തുകൊണ്ടുവരാൻ എൻഐഎ അന്വേഷണം ഊർജിതമായി തുടരുകയാണ്.