പിണറായിയും മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്; എൽഡിഎഫ് ബിജെപിയെപ്പോലെ കുത്തക പാർട്ടിയായി മാറിയെന്ന് രാഹുൽ ഗാന്ധി
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രാഷ്ട്രീയമായ പങ്കാളിത്തമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്ന കേന്ദ്രസർക്കാർ, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ ഒരന്വേഷണവും നടത്തുന്നില്ല. ഇതിന് കാരണം ഇരുവരും തമ്മിലുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. കേരളത്തിലെ ആരോഗ്യ മേഖല പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്നും ഇടുക്കി പോലുള്ള ജില്ലകളിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയെപ്പോലെ എൽഡിഎഫും ഇപ്പോൾ ഒരു കുത്തകവൽകൃത പാർട്ടിയായി മാറിയിരിക്കുകയാണ്. കേരളത്തിലെ യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ സി.പി.ഐ.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഭാഗമാകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദിയുടെ നിലപാടുകളെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങൾ മാത്രം അനുസരിക്കുന്ന ഒരാളായി മോദി മാറിയെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്ന കാര്യം അദ്ദേഹം മറന്നുപോയെന്നും രാഹുൽ പറഞ്ഞു. ട്രംപ് എങ്ങനെയാണോ മോദിയെ നിയന്ത്രിക്കുന്നത്, അതേപോലെയാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്. പിണറായി വിജയനും കുടുംബവും നടത്തിയിട്ടുള്ള അഴിമതികളെക്കുറിച്ച് കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും അറിയാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.