{"vars":{"id": "89527:4990"}}

യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റം; മുസ്തഫാബാദ് ഇനി കബീർധാം ആയിരിക്കുമെന്ന് യോഗി ആദിത്യനാഥ്
 

 

യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റം. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മുസ്ലിം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ അത്ഭുതം തോന്നുന്നുവെന്നും യോഗി പറഞ്ഞു

അയോധ്യക്കും പ്രയാഗ് രാജിനും യഥാർഥ പേരുകൾ നൽകി. ഇപ്പോൾ കബീർധാമിന് അതിന്റെ ശരിയായ പേര് നൽകി പുനരുജ്ജീവിപ്പിക്കുകയാണ്. ഗ്രാമത്തിന്റെ പേര് മാറ്റുന്നതിന് ഔപചാരികമായി നിർദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്നും യോഗി പറഞ്ഞു

ബിജെപി സർക്കാർ സംസ്ഥാനത്തുടനീളമുള്ള വിശ്വാസകേന്ദ്രങ്ങളെ വികസിപ്പിക്കാനും മനോഹരമാക്കാനും പ്രതിജ്ഞാബദ്ധമാണ്. കാശി, അയോധ്യ, കുശിനഗർ, മഥുര-ബൃന്ദാവൻ, ബർസാന, ഗോകുൽ, ഗോവർധൻ എന്നിവിടങ്ങളിലെല്ലാം ടൂറിസം, സാംസ്‌കാരിക വകുപ്പുകൾ വഴി പുനരുജ്ജീവിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു