കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം; നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും
 

 

കോൺഗ്രസിന്റെ 85ാം പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം. ഛത്തിസ്ഗഢിലെ റായ്പൂരിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്ലീനറി സമ്മേളനം നടക്കുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് സമ്മേളനത്തിൽ വോട്ടവകാശമുള്ളത്. 

പ്രതിപക്ഷ സഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലുണ്ടാകും. നാമനിർദേശം മതിയെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും. പ്രിയങ്ക ഗാന്ധിക്കും പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാടാണുള്ളത്.

പ്ലീനറി സമ്മേളനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് റായ്പൂരിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി മാത്രം രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.