ഗാസയിലെ സമാധാന ശ്രമങ്ങളിലെ 'നിർണായക പുരോഗതി': ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി
ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ 'നിർണായക പുരോഗതി' ഉണ്ടായ സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണ്ണായകമായ പുരോഗതിയിലേക്ക് നീങ്ങുന്നതിനാൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള സൂചനകൾ ഒരു പ്രധാന കാൽവെപ്പാണ്.
"ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണ്ണായകമായ പുരോഗതിയിലേക്ക് നീങ്ങുന്നതിനാൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബന്ദികളെ വിട്ടയക്കാനുള്ള സൂചനകൾ ഒരു സുപ്രധാന കാൽവെപ്പാണ്. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും," മോദി പോസ്റ്റിൽ പറഞ്ഞു.
ഗാസയിൽ നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിക്ക് പിന്തുണ നൽകുന്ന നിലപാടാണ് ഇന്ത്യയുടേത്. ഹമാസ് ചില വ്യവസ്ഥകൾ അംഗീകരിച്ചതിനെ തുടർന്ന് ബന്ദികളെ മോചിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഈ നീക്കം മുന്നോട്ടുള്ള വലിയൊരു ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു.
മേഖലയിൽ ദീർഘകാലവും സുസ്ഥിരവുമായ സമാധാനവും സുരക്ഷയും വികസനവും കൈവരിക്കുന്നതിനുള്ള പ്രായോഗികമായ പാതയാണ് ട്രംപിന്റെ സമാധാന പദ്ധതി എന്നും നേരത്തെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.