തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം; വിജയിന് ഭൂരിപക്ഷമില്ലെന്ന് ഗവർണർ: സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് വിജയ് നേതൃത്വം നൽകുന്നതിനുള്ള ഭൂരിപക്ഷം തമിഴക വെട്രി കഴകത്തിനില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശ വാദം ഉന്നയിച്ചു കൊണ്ട് വിജയ് ഗവർണറെ കണ്ടതിനു പിന്നാലെയാണ് ഗവർണർ ഇക്കാര്യം സ്ഥിരീകരിച്ചത്.
വിഷയത്തിൽ നിയമോപദേശം നേടാനാണ് ഗവർണറുടെ നീക്കം. ടിവികെക്ക് കേവല ഭൂരിപക്ഷത്തിനായി 10 സീറ്റുകൾ കൂടി ആവശ്യമുണ്ട്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നെയും ആറ് സീറ്റുകൾ കൂടി വേണ്ടി വരും. അതേ സമയം വിജയ്‌യെ പിന്തുണക്കില്ലെന്ന് രണ്ട് സീറ്റുകളുള്ള മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കൂ. 118 എംഎൽഎമാർ പിന്തുണയ്ക്കുന്നുവെന്ന കത്തു നൽകിയാലും സർക്കാർ രൂപീകരിക്കാൻ സാധിക്കും.