അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി: ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീംകോടതി
ഗര്‍ഭച്ഛിദ്ര സമയപരിധിയില്‍ നിര്‍ണായക നിലപാടുമായി സുപ്രീം കോടതി. ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കം ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭധാരണം തുടരാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നത് അവള്‍ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ ഗര്‍ഭധാരണം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്
ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തിനനുസരിച്ച് ഉള്ളതാകണം നിയമങ്ങളെന്നും രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി. അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍, ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് അവള്‍ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നിരീക്ഷിച്ച കോടതി 15 വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണം നീക്കാന്‍ അനുമതി നല്‍കി.
ഈ ഘട്ടത്തില്‍ ഭ്രൂണത്തെ പുറത്തെടുത്താല്‍ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് എയിംസ് ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താല്‍പ്പര്യത്തിന് അനുസരിച്ചാകണമെന്നും ശരിയായ തീരുമാനമെടുക്കാന്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ അവരെ സഹായിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.