രാഹുലിന്റെ ശബ്ദം അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി
 

 

രാഹുൽ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവുശിക്ഷ വിധിച്ച കോടതി വിധിക്ക് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സഹോദരന് പിന്തുണയുമായി പ്രിയങ്ക രംഗത്തുവന്നത്

രാഹുലിന്റെ ശബ്ദം അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് തുടരും. രാഹുൽ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് ഇനിയും തുടരുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. 

കേസിൽ നിയമത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു. നീതിന്യായ വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും ഇ ഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നതായി അശോക് ഗെഹ്ലോട്ടും ആരോപിച്ചു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എത്തി. കോടതിയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ വിധിയോട് വിയോജിക്കുന്നതായും കെജ്രിവാൾ പ്രതികരിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും കെജ്രിവാൾ പറഞ്ഞു.