സെറ്റ് സാരി ധരിച്ച് കേരളത്തനിമയിൽ പ്രിയങ്ക ഗാന്ധി; ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ
Nov 28, 2024, 11:22 IST
വയനാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. സെറ്റ് സാരി ധരിച്ച് കേരള തനിമയിലാണ് പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് എത്തിയത്. വലിയ കരഘോഷത്തോടെയാണ് കോൺഗ്രസ് എംപിമാർ പ്രിയങ്കയെ വരവേറ്റത് ഭരണഘടനയുടെ പതിപ്പ് ഒരു കൈയിൽ ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. ദുരന്തബാധിത മേഖലക്കുള്ള കേന്ദ്ര സഹായം അടക്കമുള്ള വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രസംഗമാകും പ്രിയങ്ക ഗാന്ധി ലോക്‌സഭയിൽ ആദ്യം നടത്തുക സത്യപ്രതിജ്ഞക്ക് മുമ്പായി ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും പ്രിയങ്ക പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ചേർന്നാണ് പ്രിയങ്കയെ പാർലമെന്റിലേക്ക് ആനയിച്ചത്.