പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം; തമിഴ്‌നാട്ടിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ
പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കേസിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഊട്ടി വനിതാ പോലീസ് ആണ് നീലഗിരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് സമീപിച്ചത് എന്നാണ് ആരോപിക്കപ്പെടുന്നത്.
സർവകലാശാല അധികൃതരിൽ സ്വാധീനം ചെലുത്തി മാർക്ക് വാങ്ങിത്തരാമെന്ന് ഇയാൾ അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു. ആ വ്യാജേന വിദ്യാർത്ഥിനിയെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഹോട്ടൽ മുറിക്കുള്ളിൽ വിദ്യാർത്ഥിയും ഡോക്ടറും തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ബഹളം കേട്ട ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.
ഓം പ്രകാശ് രണ്ടുതവണ വിവാഹിതനാണെന്ന് പോലീസ് കണ്ടെത്തി, ഇയാൾക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികളെ ലക്ഷ്യം വയ്ക്കാൻ സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് അടക്കമാണ് പോലീസ് അന്വേഷിക്കുന്നത്.