ബിഹാറുകാർ ആക്രമിക്കപ്പെട്ടെന്ന പ്രചാരണം; തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്കെതിരെ കേസ്
 

 

തമിഴ്‌നാട്ടില് ബിഹാറുകാരായ തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കിയെന്ന തരത്തിൽ പ്രകോപനം നടത്തിയതിനാണ് കേസ്. 

ഡിഎംകെയുടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് അണ്ണാമലൈ ട്വീറ്റ് ചെയ്തിരുന്നു. നിരവധി മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേരെടുത്ത് അണ്ണാമലൈ പരാമർശിച്ചിരുന്നു

എന്നാൽ ഉത്തരേന്ത്യൻ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി സ്റ്റാലിനും പോലീസ് മേധാവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ഭയപ്പെടരുതെന്നും അവരെ സഹോദരങ്ങളായി കണ്ട് തമിഴ്‌നാട്ടിലെ സർക്കാരും ജനങ്ങളും സംരക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.