ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് വൈകൽ: ഇടപെട്ട് കൊൽക്കത്ത പൊലീസ്; ആശയക്കുഴപ്പമെന്ന് വിശദീകരണം
കൊൽക്കത്ത: 'ദി ടെലഗ്രാഫ്' പത്രത്തിന്റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ വൈകുന്ന സംഭവത്തിൽ കൊൽക്കത്ത പൊലീസ് ഇടപെടുന്നു. വിഷയത്തിൽ പൊലീസ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചില സാങ്കേതിക ആശയക്കുഴപ്പങ്ങൾ കാരണമാകാം പാസ്‌പോർട്ട് പുതുക്കി നൽകാൻ വൈകുന്നതെന്നാണ് കൊൽക്കത്ത പൊലീസിന്റെ പ്രാഥമിക വിശദീകരണം.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) പ്രക്രിയയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കൽ തടസ്സപ്പെട്ടത്. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ കൊൽക്കത്ത പൊലീസ് അനുകൂലമായ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാൻ വിസമ്മതിക്കുകയായിരുന്നു.
പാൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഫ്ലാറ്റ് ഉടമസ്ഥാവകാശ രേഖകൾ എന്നിവയെല്ലാം ഹാജരാക്കിയിട്ടും പാസ്‌പോർട്ട് പുതുക്കി നൽകിയില്ലെന്ന് കാണിച്ച് രാജഗോപാൽ രംഗത്തെത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ-മാധ്യമ ചർച്ചകൾക്ക് വഴിതുറക്കുകയും, കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ വിഷയത്തിൽ ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ കൊൽക്കത്ത പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. നിയമപരമായ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനാണ് നിലവിൽ പൊലീസ് ശ്രമിക്കുന്നത്.