രവ്‌നീത് സിംഗ് ബിട്ടു വഞ്ചകനെന്ന് രാഹുൽ ഗാന്ധി; രാഹുൽ രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു
പാർലമെന്റ് വളപ്പിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും തമ്മിൽ വാക്കേറ്റം. സെഷൻ ആരംഭിക്കുന്നതിന് മുമ്പായി നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ നേതാവാണ് ബിട്ടു
ബിട്ടുവിനെ രാഹുൽ ഗാന്ധി വഞ്ചകൻ എന്ന് വിശേഷിപ്പിച്ചു. രാഹുലിനെ രാജ്യത്തിന്റെ ശത്രു എന്ന് വിളിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ തിരിച്ചടി. പാർലമെന്റിലെ പ്രധാന കവാടമായ മകർ ദ്വാറിനടുത്ത് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ് എംപിമാർ. ഈ സമയം രവ്‌നീത് സിംഗ് ബിട്ടു നടന്നുപോകുമ്പോൽ ദേ ഒരു വഞ്ചകൻ നടന്നു പോകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ഇത് കേട്ട് തിരിഞ്ഞ ബിട്ടുവിനോട് ഹലോ സഹോദരാ, വഞ്ചകനായ സുഹൃത്തേ നിങ്ങൾ വിഷമിക്കേണ്ട, കോൺഗ്രസിലേക്ക് തിരിച്ചുവരൂ എന്നും രാഹുൽ പറഞ്ഞു. എന്നാൽ ഹസ്തദാനത്തിന് വിസമ്മതിച്ച ബിട്ടു രാഹുലിനെ രാജ്യത്തിന്റെ ശത്രു എന്ന് വിളിച്ച് പ്രതികരിച്ചു. തുടർന്ന് ഇരുനേതാക്കളും കുറച്ച് നേരം ചെറിയ തോതിൽ വാക്കേറ്റം തുടരുകയായിരുന്നു.