കലങ്ങിമറിഞ്ഞ് രാജസ്ഥാൻ കോൺഗ്രസ്; പദയാത്ര തുടർന്ന് സച്ചിൻ പൈലറ്റ്: പൈലറ്റിനെ തള്ളി രൺധാവ

 

കർണാടകയിൽ കോൺഗ്രസ് വിജയത്തിൻരെ മധുരം നുണയുമ്പോൾ രാജസ്ഥാനിൽ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതകളാണ് സംസ്ഥാന ത്ത് കോൺഗ്രസിന്റെ ഭാവി തന്നെ ചോദ്യചിഹ്നത്തിൽ നിർത്തുന്നത്.

നിലവിലെ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.സച്ചിൻ പൈലറ്റിന്റെ പദയാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സംസ്ഥാനത്ത് സച്ചിൻ പൈലറ്റിന്റെ സംസ്ഥാനത്തെ പദയാത്ര നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. അശോക് ഗെഹ്ലോട്ടിനെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സച്ചിൻ പൈലറ്റിന്റെ യാത്ര. നാളെ ജയ്പൂരിലാണ് അഴിമതിക്കെതിരായ യാത്ര അവസാനിക്കുക.രാജസ്ഥാൻ പിസിസി അധ്യക്ഷനും പാർട്ടി നേതൃത്വവും അദ്ദേഹത്തെ വിമർശിച്ചിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച് തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്.