{"vars":{"id": "89527:4990"}}

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: പ്രതികൾക്കായി കോടതിയിൽ ഹാജരാകുന്ന വക്കീലിന് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അയോധ്യ ബാർ അസോസിയേഷൻ

 

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കായി ആരും കോടതിയിൽ ഹാജരാകരുതെന്ന് അയോധ്യ (ഫൈസാബാദ്) ബാർ അസോസിയേഷന്റെ കർശന നിർദ്ദേശം. സംഘടനയുടെ തീരുമാനം ലംഘിച്ച് പ്രതികൾക്കായി വക്കാലത്ത് ഏറ്റെടുക്കുന്ന അഭിഭാഷകർക്ക് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകി.

​ക്ഷേത്രത്തിലെ കാണിക്കപ്പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന എട്ട് ജീവനക്കാരാണ് തട്ടിപ്പുകേസിൽ നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കാണിക്കപ്പണം മോഷ്ടിച്ചതിലൂടെ രാജ്യത്തെ കോടിക്കണക്കിന് ഭക്തരുടെ വികാരമാണ് പ്രതികൾ വ്രണപ്പെടുത്തിയതെന്നും, അതുകൊണ്ട് തന്നെ ഫൈസാബാദിലെ ഒരു അഭിഭാഷകനും ഇവർക്കായി കോടതിയിൽ വാദിക്കില്ലെന്നും ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്‌സ്വാൾ വ്യക്തമാക്കി. 2005-ൽ രാമക്ഷേത്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് സമാനമായ രീതിയിൽ പ്രതികൾക്ക് നിയമസഹായം നൽകില്ലെന്ന് അയോധ്യയിലെ അഭിഭാഷകർ തീരുമാനിക്കുന്നത്.

​ഇതോടൊപ്പം ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്ന് ദിവസത്തിനകം അയോധ്യ വിട്ടുപോകണമെന്നും ബാർ അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. ഇവർ നഗരം വിട്ടില്ലെങ്കിൽ അയോധ്യ പൂർണ്ണമായും ഉപരോധിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.