അപേക്ഷിക്കാത്ത വിഷയത്തിനും പുനർമൂല്യ നിർണയം; സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച: പരാതിയുമായി വിദ്യാർത്ഥികൾ
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യ നിർണയവുമായി (Revaluation) ബന്ധപ്പെട്ട് വീണ്ടും വൻ ക്രമക്കേടും വീഴ്ചയും പുറത്ത്. വിദ്യാർത്ഥികൾ അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും ബോർഡ് പുനർമൂല്യ നിർണയം നടത്തിയതായാണ് പുതിയ പരാതി. പരീക്ഷാ ഫലത്തിലെ അപാകതകൾ പരിഹരിക്കാൻ പുനർമൂല്യ നിർണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളാണ് സിബിഎസ്ഇയുടെ പുതിയ നടപടിയിൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരിൽ 87 ശതമാനത്തോളം പേരുടെയും അപേക്ഷകൾ സ്വീകരിച്ച് പുനർപരിശോധന നടത്തിയതായി സിബിഎസ്ഇ അറിയിച്ചത്. എന്നാൽ, ഫലം പരിശോധിച്ചപ്പോഴാണ് അപേക്ഷിക്കാത്ത വിഷയങ്ങളിൽ വരെ മൂല്യനിർണയം നടന്നതായി വിദ്യാർത്ഥികൾ കണ്ടെത്തിയത്. ഒരു പ്രത്യേക വിഷയത്തിലെ മാർക്ക് കുറവിനെ തുടർന്ന് അതിൽ മാത്രം പുനർമൂല്യ നിർണയം ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക്, അവർ ആവശ്യപ്പെടാത്ത മറ്റ് വിഷയങ്ങളിലെ മാർക്കിൽ മാറ്റം വന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ഓൺ-സ്ക്രീൻ മാർക്കിങ് (OSM) സമ്പ്രദായത്തിലെ പാളിച്ചകളെ തുടർന്ന് സിബിഎസ്ഇയുടെ പുനർമൂല്യ നിർണയ പോർട്ടലിൽ തുടക്കം മുതൽ വലിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള പുതിയ വീഴ്ചയും ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പരീക്ഷാ ഫലപ്രഖ്യാപനത്തിലും തുടർന്നുണ്ടായ പുനർമൂല്യ നിർണയത്തിലും ഗുരുതരമായ അപാകതകൾ ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ കർശന നിലപാടിലേക്ക് കടന്നിരിക്കുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.