റെസ്റ്റോറന്റുകൾക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ റെസ്റ്റോറന്റുകൾക്കും ഹോട്ടൽ വ്യവസായത്തിനും വലിയ ആശ്വാസം പകർന്നു കൊണ്ട് വാണിജ്യ എൽപിജി (19 കിലോഗ്രാം) സിലിണ്ടറുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായും നീക്കി. പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം പരിഹരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാൻ പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം പുനഃസ്ഥാപിക്കപ്പെട്ടു. ഖത്തറിൽ നിന്നുള്ള വൻ എൽപിജി ടാങ്കറുകൾ ഇതിനോടകം തന്നെ ഇന്ത്യൻ തീരത്ത് എത്തിച്ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ധനക്കപ്പലുകൾ എത്തുന്നതോടെ വിപണിയിലെ പ്രതിസന്ധി പൂർണ്ണമായി മാറും.
പ്രതിസന്ധിയിലായ ഹോട്ടൽ മേഖല
യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ഉറപ്പാക്കുന്നതിനാണ് കേന്ദ്രം വാണിജ്യ സിലിണ്ടറുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഒരു ഘട്ടത്തിൽ ഹോട്ടലുകൾക്കും ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും ആവശ്യകതയുടെ 40 ശതമാനം വരെ മാത്രമാണ് സിലിണ്ടറുകൾ അനുവദിച്ചിരുന്നത്.
ലഭ്യതക്കുറവും കടുത്ത വിലവർധനവും കാരണം കേരളത്തിലടക്കം ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകൾ വലിയ പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. നിലവിൽ നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കിയതോടെ ഹോട്ടൽ മേഖലയ്ക്ക് വരും ദിവസങ്ങളിൽ വലിയ ഉണർവുണ്ടാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് നിയന്ത്രണങ്ങളിൽ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.