വോട്ടർപട്ടിക പുതുക്കൽ; കർണാടക നിയമസഭാ സമ്മേളനം ഓഗസ്റ്റിലേക്ക് മാറ്റി വെച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: സംസ്ഥാനത്ത് നിലവിൽ പുരോഗമിക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്രമായ പുതുക്കൽ (Special Intensive Revision - SIR) പ്രക്രിയ പ്രമാണിച്ചു ജുലൈയിൽ നടക്കേണ്ടിയിരുന്ന കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ഓഗസ്റ്റിലേക്ക് മാറ്റിവെച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരും എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ജനപ്രതിനിധികളും എം.എൽ.എമാരും നിലവിൽ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്. അർഹരായ വോട്ടർമാർ ആരും തന്നെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഇവർക്ക് മണ്ഡലങ്ങളിൽ തുടരേണ്ടതുണ്ട്. അതിനാലാണ് സമ്മേളനം നീട്ടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
SIR നടപടികളുടെ വിജ്ഞാപന പ്രക്രിയ ഓഗസ്റ്റ് 5 വരെ നീണ്ടുനിൽക്കും. അതിനുശേഷം ഓഗസ്റ്റ് ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ പേര് നിലനിർത്തുന്നതിനായി എല്ലാ വോട്ടർമാരും ജൂലൈ 29-നകം നിർബന്ധമായും 'എന്യൂമറേഷൻ ഫോം' (Enumeration Form) പൂരിപ്പിച്ചു നൽകണമെന്നും ശിവകുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.