{"vars":{"id": "89527:4990"}}

വിവരാവകാശ പ്രവർത്തനം പുതിയൊരു ബിസിനസ്സ്; ആക്ടിവിസ്റ്റിന് മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

 
ന്യൂഡെൽഹി: വിവരാവകാശ പ്രവർത്തനം (RTI activism) ഇപ്പോൾ പുതിയൊരു ബിസിനസ്സ് ആയി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്ത വിവരാവകാശ പ്രവർത്തകനും കൂട്ടാളിക്കും മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ രൂക്ഷമായ പരാമർശം.

​ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇവർക്ക് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. "വിവരാവകാശ പ്രവർത്തനം ഒരു പുതിയ ബിസിനസ്സായി മാറിയിരിക്കുന്നു. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്, അത് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കാൻ സർക്കാരുണ്ട്. നിങ്ങളാരും അതിന് ഉത്തരവാദികളല്ല. ഇതൊരുതരം 'യെല്ലോ ജേണലിസ'മാണ്," ജസ്റ്റിസ് മേത്ത രൂക്ഷമായി വിമർശിച്ചു.

​പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ആക്ടിവിസ്റ്റ് രാകേഷ് കുമാർ ബെഹലും സംഘവും സുപ്രീം കോടതിയെ സമീപിച്ചത്. റോഡ് നിർമ്മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിനാണ് തങ്ങളെ കുടുക്കിയതെന്നാണ് ഇവർ വാദിച്ചത്. എന്നാൽ, നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.