എംപിമാരെ വിലയ്ക്കു വാങ്ങാൻ ഇന്നുരാത്രി 15 കോടി വീതം നൽകും; വൻ ആരോപണവുമായി ശിവസേന
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും കൂറുമാറ്റ ഭീതി പടർത്തി ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന്റെ വിചിത്ര ആരോപണം. ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും എംപിമാരെ കൂറുമാറ്റാൻ ഇന്നുരാത്രി ഓരോരുത്തർക്കും 15 കോടി രൂപ വീതം അഡ്വാൻസ് നൽകുമെന്നാണ് റാവുത്ത് ആരോപിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
"അപ്നാ സപ്നാ മണി മണി! മഹാരാഷ്ട്രയിലെ എംപിമാരെ വിലയ്ക്കു വാങ്ങാനായി ഇന്നുരാത്രി 15 കോടി രൂപ വീതം മുൻകൂറായി നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് അങ്ങേയറ്റം ഞെട്ടിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്" - മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തുകൊണ്ട് റാവുത്ത് കുറിച്ചു.
ശിവസേന (യുബിടി) വിഭാഗത്തിലെ ഏതാനും എംപിമാർ പാർട്ടി വിട്ട് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പ്രതികരണം. 'ഓപ്പറേഷൻ ടൈഗർ' എന്ന പേരിൽ ഷിൻഡെ പക്ഷം തങ്ങളുടെ ജനപ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ഉദ്ധവ് ക്യാമ്പ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിൽ 9 ലോക്‌സഭാ എംപിമാരിൽ 4 പേർ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. ബാക്കി 5 പേർ ഓൺലൈനായി പങ്കെടുത്തുവെന്നും തങ്ങൾ താക്കറെയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തതായും സഞ്ജയ് റാവുത്ത് വ്യക്തമാക്കി. എന്നാൽ പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി വലിയൊരു വിഭാഗം എംപിമാരും എംഎൽഎമാരും തങ്ങളോടൊപ്പം ചേരുമെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ അവകാശവാദം.