ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്തി എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ല് തകർന്നു
ഫിറോസാബാദ്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന കാൺപൂർ - ഡൽഹി സ്വർണ്ണ ശതാബ്തി എക്സ്പ്രസിന് (12003) നേരെ കല്ലേറ്. ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആക്രമണത്തിൽ മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന എസി ഫസ്റ്റ് ക്ലാസ് (E1) കോച്ചിന്റെ പുറം ജനൽച്ചില്ല് തകർന്നു. മോഹൻ ഭാഗവതും ഉത്തർപ്രദേശ് പഞ്ചായത്തീരാജ് മന്ത്രി ഭൂപേന്ദ്ര ചൗധരിയും ഉൾപ്പെടെയുള്ള യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 7.15-ഓടെ ഫിറോസാബാദിലെ രസൂൽപൂർ മേഖലയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു അജ്ഞാതർ കല്ലെറിഞ്ഞത്. കല്ല് വന്ന് പതിച്ചത് മോഹൻ ഭാഗവതിന്റെ സീറ്റിന് സമീപമുള്ള ജനലിലാണെങ്കിലും ഇരട്ടച്ചില്ലുകളുള്ള വിൻഡോ പെയ്നിന്റെ പുറംഭാഗം മാത്രമാണ് തകർന്നത്.
സംഭവത്തെത്തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) പ്രാദേശിക പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. രാത്രി 10.13-ഓടെ ട്രെയിൻ ഡൽഹിയിലെത്തി.
സംഭവത്തിൽ രസൂൽപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഗ്ര സോൺ അഡീഷണൽ ഡയറക്ടർ ജനറൽ (ADG) എസ്.കെ. ഭാഗവത് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.