സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ ചെയ്യും
പട്‌ന: സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി. ഉപമുഖ്യമന്ത്രിയായ വിജയ് സിന്‍ഹയാണ് സാമ്രാട്ട് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാറിന്റെ വിശ്വസ്തനായ അദ്ദേഹം ആര്‍ജെഡിയിലും ജെഡിയുവിലും പ്രവര്‍ത്തിച്ചതിന് ശേഷം ബിജെപിയിലേക്ക് എത്തിയ നേതാവാണ്. ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പ്രത്യേകതയും ഇനി സാമ്രാട്ട് ചൗധരിയ്ക്കുണ്ട്. താരാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് സാമ്രാട്ട് ചൗധരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിതീഷ് കുമാർ രാജിവെച്ചതോടെയാണ് സാമ്രാട്ട് ചൗധരിയ്ക്ക് മുഖ്യമന്ത്രി പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.
ഇന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ലോക്ഭവനിലേക്ക് സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്.ബിഹാറിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗമാണ് അവസാനിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ അവസരമൊരുക്കിയാണ് പിന്‍മാറ്റം.
നിതീഷ് കുമാര്‍ രാജിവയ്ക്കുന്നതോടെ സംസ്ഥാനത്തെ ഭരണം ഗുജറാത്തില്‍ നിന്നാവും നിയന്ത്രിക്കപ്പെടുക എന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആരോപിച്ചിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് നിതീഷ് കുമാറിന് താല്‍പ്പര്യം എന്നാണ് വിവരം. സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ മന്ത്രിസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മന്ത്രി പദവി വേണ്ടെന്ന് നിഷാന്ത് പറഞ്ഞതായാണ് റിപ്പോർട്ട്. പാർട്ടി പദവികളാകും നിഷാന്ത് ആദ്യം വഹിക്കുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇത്രനാള്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു നിഷാന്ത് കുമാര്‍.