{"vars":{"id": "89527:4990"}}

സീൽ വിവാദം: ഡെപ്യൂട്ടി സി.ഇ.ഒയെയും സെക്ഷൻ ഓഫീസറെയും തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി

 

രാഷ്ട്രീയ പാർട്ടികൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടി. ഡെപ്യൂട്ടി CEO,സെക്ഷൻ ഓഫീസർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും നീക്കി. അഡീഷണൽ CEO പി ബി നൂഹിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സെക്ഷൻ ഓഫീസറെ സസ്പെന്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കിയ ഇവരെ മാതൃഓഫീസുകളിലേക്ക് തിരികെ വിടാനാണ് ഉത്തരവ്.

സീല്‍ വിവാദത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു കേൽക്കർ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു. ക്ലറിക്കൽ പിഴവാണെന്നായിരുന്നു വിശദീകരണം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് 2019-ൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്താണ് മാറി മെയിലിനൊപ്പം നൽകിയതെന്നും വിശദീകരണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വ്യക്തമാക്കിയിരുന്നു.

2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികൾക്ക് അയച്ചത്. ഈ കത്തിൽ ആയിരുന്നു ബിജെപിയുടെ സീൽ പതിപ്പിച്ചിരുന്നത്. സിപിഐഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നുമായിരുന്നു സിപിഐഎം ആരോപണം.