കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടിയ തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ഞായറാഴ്ച വൈകുന്നേരത്തെ ഉരുള്‍പ്പൊട്ടലിന് ശേഷം ഇന്ന് വൈകുന്നേരവും ഉരുള്‍പ്പൊട്ടല്‍ റിപോര്‍ട്ട് ചെയ്തു. ആദ്യത്തെ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയായിരുന്നു രണ്ടാമത്തെ ഉരുള്‍പ്പൊട്ടല്‍. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ സമീപത്താണ് രണ്ടാമത്തെ ഉരുൾപ്പൊട്ടൽ റിപോർട്ട് ചെയ്തത്. വടക്കന്‍ തമിഴ്‌നാട്ടിലെ വില്ലുപുറം ജില്ലയില്‍ ഇപ്പോഴും മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രധാന റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനെ തുടര്‍ന്ന് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിത ബാധിത മേഖലകളിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
തിരുവണ്ണാമലൈയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി; കാണാതായ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin