സുരക്ഷാ ഭീഷണി: IMO ഉൾപ്പെടെയുള്ള 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

 

ജമ്മു കശ്മീരിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി പാകിസ്ഥാനിലെ ഭീകരര്‍ ഉപയോഗിച്ചിരുന്ന 14 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നി മെസഞ്ചര്‍ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. 
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പുതിയതല്ല. നേരത്തെ  നിരവധി ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. 

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഓവര്‍ഗ്രൗണ്ട് തൊഴിലാളികള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും കോഡ് ചെയ്ത സന്ദേശങ്ങള്‍ അയയ്ക്കാന്‍ പാകിസ്ഥാനിലെ തീവ്രവാദികള്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, 'ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഇന്ത്യയുടെ പ്രതിരോധത്തിനും, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 250 ഓളം ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2020 ജൂണില്‍ TikTok, Shareit, WeChat, Helo, Likee, UC News, Bigo Live, UC Browser, Xender, Camscanner, PUBG Mobile, Garena Free Fire തുടങ്ങിയ ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ ഉള്‍പ്പെടെ 200-ലധികം ചൈനീസ് ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്.