{"vars":{"id": "89527:4990"}}

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്‌ഫേക്ക് വീഡിയോ; ക്ഷമാപണം നടത്തി മാർക്ക് സക്കർബർഗ്

 

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം, ഡീപ്‌ഫേക്ക് വീഡിയോകൾ, പ്ലാറ്റ്ഫോം പ്രവർത്തനത്തിലെ പിഴവുകൾ എന്നിവയിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി നീക്കം ചെയ്ത സംഭവത്തെ തുടർന്ന് കേന്ദ്ര സർക്കാർ സമൻസ് അയച്ച പശ്ചാത്തലത്തിൽ മെറ്റയുടെ ആഗോള പ്രതിനിധിസംഘം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ വിവരം പുറത്തുവന്നത്.

യോഗത്തിൽ, മെറ്റയ്ക്ക് ഐടി നിയമപ്രകാരം ലഭിക്കുന്ന 'ഇന്‍റർമീഡിയറി' പരിരക്ഷ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഉപയോക്താക്കൾക്ക് ഏത് ഉള്ളടക്കമാണ് കാണിക്കേണ്ടതെന്ന് പ്ലാറ്റ്ഫോം തന്നെ തീരുമാനിക്കുന്നതിനാൽ ഐടി നിയമത്തിലെ 'സേഫ് ഹാർബർ' സംരക്ഷണം ബാധകമല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ചില പ്രത്യേക തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് പ്രചാരണം നൽകാൻ വലിയ തുക ചെലവഴിച്ചതായി മെറ്റ പ്രതിനിധികൾ സമ്മതിച്ചെന്നും അതിൽ ഖേദം പ്രകടിപ്പിച്ചെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കാപ്ലൻ ഉൾപ്പെട്ട സംഘം അശ്വിനി വൈഷ്ണവിനെയും പിന്നീട് ഐടി സെക്രട്ടറി എസ്. കൃഷ്ണനെയും പ്രത്യേകം കണ്ടു.

പ്രധാനമന്ത്രി മോദിയുടെ യുവജനങ്ങളെ അഭിസംബോധന ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് നീക്കം ചെയ്തുവെന്ന മെറ്റയുടെ വിശദീകരണം കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം നേരത്തെ പര്യാപ്തമല്ല എന്ന് വിലയിരുത്തിയിരുന്നു. പിന്നീട് പോസ്റ്റ് പുനഃസ്ഥാപിച്ചെങ്കിലും, ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

ഇൻസ്റ്റഗ്രാമിലെ പണം നൽകി പ്രചരിപ്പിച്ച പരസ്യങ്ങളിൽ കുട്ടികളെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം കണ്ടെത്തിയ സംഭവവും യോഗത്തിൽ ചർച്ചയായി. ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള കൃത്രിമമായി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും സർക്കാർ വിശദീകരണം തേടി. ഇന്ത്യൻ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള വ്യക്തമായ സംവിധാനം മെറ്റയ്ക്ക് ഉണ്ടാകണമെന്നും, പ്രമുഖ വ്യക്തികളുടെ പരിശോധന പൂർത്തിയായ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് മുമ്പ് അധിക സുരക്ഷാ പരിശോധനകൾ ഉറപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം ക്ഷമാപണം നടത്തണമെന്ന് പാർലമെന്‍ററി സ്ഥിരംസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണം നടത്താത്ത പക്ഷം അദ്ദേഹത്തിന് ലഭിക്കുന്ന നിയമപരമായ സംരക്ഷണവും ഇളവുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചതായും റിപ്പോർട്ടുണ്ട്.