സിദ്ധരാമയ്യ രാജിവെച്ചേക്കും; ആശ്ലേഷിച്ചും പാദ നമസ്കാരം ചെയ്തും ഡി.കെ ശിവകുമാർ: സൗഹൃദപ്പൊതിഞ്ഞ അധികാര കൈമാറ്റം
ബെംഗളൂരു: കർണാടകയിൽ ഏറെ നാളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഭരണമാറ്റം ഉടനെയെന്ന് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് തന്റെ രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചുമതലയേൽക്കുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഭരണമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുന്നോടിയായി ഇന്ന് രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നിർണായകമായ ഒരു 'ബ്രേക്ക്ഫാസ്റ്റ് കൂടിക്കാഴ്ച' നടന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്കിടെ സിദ്ധരാമയ്യയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ഡി.കെ. ശിവകുമാർ അദ്ദേഹത്തെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു. വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ഈ അധികാര കൈമാറ്റ ചർച്ചകൾ നടന്നതെന്ന് നേതാക്കൾ പ്രതികരിച്ചു. 2023-ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ ഉണ്ടാക്കിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറിന്റെ (Rotational CM formula) അടിസ്ഥാനത്തിലാണ് ഈ മാറ്റം.
സിദ്ധരാമയ്യയെ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ മധ്യസ്ഥതയിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് കർണാടകയിലെ അധികാര തർക്കത്തിന് ശുഭകരമായ പരിസമാപ്തി കുറിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ നാല് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.