ജനസംഖ്യാ കണക്കെടുപ്പിന് പിന്നാലെ സാമൂഹ്യനീതി സെൻസസ് നടത്തും: ഗവർണർ ആർലേക്കർ
ചെന്നൈ: കേന്ദ്ര സർക്കാർ നടത്തുന്ന ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പും ജാതി സർവേയും പൂർത്തിയായുടൻ സംസ്ഥാനത്ത് വിപുലമായ 'സാമൂഹ്യനീതി സെൻസസ്' (Social Justice Survey) നടത്തുമെന്ന് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ പതിനേഴാം നിയമസഭയുടെ ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുക വഴി മാത്രമേ യഥാർത്ഥ സാമൂഹ്യനീതി നടപ്പിലാക്കാൻ സാധിക്കൂ എന്നത് സർക്കാരിന്റെ അടിസ്ഥാന നയമാണെന്ന് ഗവർണർ വ്യക്തമാക്കി. നിലവിലുള്ള ജനസംഖ്യാ സെൻസസിനൊപ്പം ജാതി തിരിച്ചുള്ള കണക്കെടുപ്പുകൂടി വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും, ഇതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ സ്വന്തം നിലയിലുള്ള സാമൂഹ്യനീതി സർവേ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തമിഴക വെട്രി കഴകം (TVK) സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.