{"vars":{"id": "89527:4990"}}

പാർലമെൻ്റ് പ്രത്യേക സമ്മേളനം: ലോക്സഭ ഇന്ന് അർദ്ധരാത്രി വരെ തുടരും; ബില്ലുകളിൽ 12 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് തുടക്കമായി

 

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് തുടക്കമായി. ഏപ്രിൽ 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ വനിതാ സംവരണ ബിൽ, ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചു.

ശക്തമായ തർക്കങ്ങൾക്കും വോട്ടെടുപ്പിനും ഒടുവിലാണ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കാൻ നീക്കം നടന്നുവെങ്കിലും പ്രതിപക്ഷം ഡിവിഷൻ (ഔദ്യോഗിക വോട്ടെടുപ്പ്) ആവശ്യപ്പെട്ടതോടെയാണ് വോട്ടിംഗ് നടന്നത്.

ബിൽ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് 251 പേർ വോട്ട് ചെയ്തപ്പോൾ 185 പേർ എതിർത്തു. ഇതോടെ ബില്ലുകൾ സഭയുടെ പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്ലുകൾ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതിനാലാണ് വോട്ടെടുപ്പ് അനിവാര്യമായത്.

അർദ്ധരാത്രി വരെ സഭ ചേരും

ലോക്സഭയിൽ അവതരിപ്പിച്ച നിർണ്ണായക ബില്ലുകളിൽ 12 മണിക്കൂർ നീളുന്ന വിപുലമായ ചർച്ച നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. അംഗങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാനും സർക്കാർ തയ്യാറാണ്. ഇതിന്റെ ഭാഗമായി പാർലമെന്റ് ഇന്ന് അർദ്ധരാത്രി വരെ പ്രവർത്തിക്കും. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ബില്ലിന്മേലുള്ള അന്തിമ വോട്ടെടുപ്പ് നടക്കുമെന്നാണ് നിലവിലെ തീരുമാനം

ഇന്ന് ലോക്സഭയിൽ നടക്കുന്ന ചർച്ചകളിൽ സർക്കാരിനെ നേരിടാൻ പ്രമുഖ നേതാക്കളുടെ നിരയെ കോൺഗ്രസ് അണിനിരത്തുന്നു. ഗൗരവ് ഗൊഗോയി, പ്രിയങ്ക ഗാന്ധി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ എന്നിവയിൽ കോൺഗ്രസിന്റെ നിലപാടുകൾ ഇവർ സഭയിൽ ശക്തമായി അവതരിപ്പിക്കും.

കെസി വേണുഗോപാൽ, മനീഷ് തിവാരി, പ്രണിതി ഷിൻഡെ, കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ആദ്യ ദിനം സംസാരിക്കാനുള്ള കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിലുള്ള മറ്റ് നേതാക്കൾ. സർക്കാരിന്റെ പുതിയ ബില്ലുകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും സഭയുടെ ശ്രദ്ധയിൽപ്പെടുത്തും.

പ്രതിപക്ഷ നിലപാട്

വനിതാ സംവരണ ബില്ലിൽ കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും സോണിയ ഗാന്ധി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ബില്ലിനെ തത്വത്തിൽ പിന്തുണയ്ക്കുമ്പോഴും മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിലാണ് പ്രതിപക്ഷം പ്രധാനമായും ഊന്നുന്നത്. ലോക്സഭയിൽ 292 സീറ്റുകളുള്ള എൻഡിഎയും 233 സീറ്റുകളുള്ള പ്രതിപക്ഷവും തമ്മിലുള്ള സംഖ്യാപരമായ പോരാട്ടത്തിനാകും വരും ദിവസങ്ങളിൽ സഭ സാക്ഷ്യം വഹിക്കുക.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ല'

മണ്ഡല പുനർനിർണ്ണയം (Delimitation) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ ലോക്സഭയിൽ തള്ളിക്കളഞ്ഞ് ബിജെപി എംപി തേജസ്വി സൂര്യ. മണ്ഡല പുനർനിർണ്ണയ നീക്കത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പോരായ്മയായി കാണേണ്ടതില്ലെന്നും നിർദ്ദിഷ്ട ചട്ടക്കൂടിനുള്ളിൽ ദക്ഷിണേന്ത്യയ്ക്ക് ഇതിലും മികച്ചൊരു അവസരം ലഭിക്കാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകവേ, ഭരണഘടനയുടെ 81, 82 വകുപ്പുകൾ പ്രകാരം മണ്ഡല പുനർനിർണ്ണയം ഒരു ഭരണഘടനാപരമായ ബാധ്യതയാണെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ജനസംഖ്യയും സീറ്റുകളും തമ്മിലുള്ള അനുപാതം സന്തുലിതമാക്കുന്നതിനും പ്രാദേശിക മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കുന്നതിനും ഇത് അനിവാര്യമാണ്. 1971-ന് ശേഷം ഇന്ത്യയിലെ ജനസംഖ്യയിൽ വലിയ വർദ്ധനവുണ്ടായിട്ടും സീറ്റുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നത് മണ്ഡലങ്ങൾക്കിടയിൽ വലിയ അസമത്വത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ 2026-ഓടെ മണ്ഡല പുനർനിർണ്ണയം പൂർത്തിയാക്കേണ്ടത് ജനാധിപത്യപരമായ ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. 

വോട്ടിംഗിൽ എൻഡിഎ എംപിമാരുടെ അസാന്നിധ്യം

ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനായി നടന്ന വോട്ടിംഗിൽ 207 പേർ അനുകൂലിച്ചും 126 പേർ എതിർത്തും വോട്ട് ചെയ്തു. പ്രതിപക്ഷം ഡിവിഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചെങ്കിലും എൻഡിഎ പക്ഷത്തെ 86 എംപിമാർ വോട്ടിംഗ് സമയത്ത് സഭയിൽ ഹാജരാകാതിരുന്നത് ശ്രദ്ധേയമായി. വോട്ടെടുപ്പിന് പിന്നാലെ സഭയിൽ ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു, വെള്ളിയാഴ്ച രാവിലെ 11-ന് വീണ്ടും ചേരും.

ജാതി സെൻസസ് നടത്തുമെന്ന് അമിത് ഷാ

സഭയിൽ നടന്ന ചർച്ചയ്ക്കിടെ സുപ്രധാനമായ ഒരു പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തി. രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഘട്ടത്തിൽ ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചുവെന്നും അദ്ദേഹം സഭയെ അറിയിച്ചു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സാങ്കേതികമായ തടസ്സവാദങ്ങൾ മാത്രമേ ബിൽ അവതരണ ഘട്ടത്തിൽ ഉന്നയിക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം കെസി വേണുഗോപാലിനെ ഓർമ്മിപ്പിച്ചു.