ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടാൻ സ്റ്റാലിന്റെ നിർദേശം; മയക്കുവെടി വെക്കും
 

 

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും സ്റ്റാലിൻ നിർദേശിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. 

തത്കാലം മയക്കുവെടി വെച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. ഇന്ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ആനമലയിൽ നിന്ന് കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കുമെന്നും ശ്രീനിവാസ റെഡ്ഡി അറിയിച്ചു. തേനി എസ് പിയും കമ്പത്ത് എത്തിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് ഓടിക്കാനാണ് നിലവിൽ പോലീസ് ശ്രമിക്കുന്നത്. ഇന്ന് രാവിലെയാണ് കമ്പം ടൗണിലേക്ക് ആന ഇറങ്ങിയത്. ഓട്ടോറിക്ഷ അടക്കം ആന തകർത്തു. ആളുകളെ വിരട്ടിയോടിച്ചു. ഓടുന്നതിനിടെ വീണ് ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.