ജനരോഷത്തിൽ പുകഞ്ഞ് തെരുവ്: അരാഷ്ട്രീയത വെടിഞ്ഞ് ജനങ്ങൾ; സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം
ജന്തര്‍ മന്ദര്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുന്നു. പരിക്ഷാ ക്രമക്കേടുകളും നീറ്റ ്‌ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍, വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. തെരുവില്‍ പടരുന്ന ജനരോഷം സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആരോപണ വിധേയനായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് രാജി ചോദിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. രാജ്യത്ത് 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ സംഭവിക്കുകയും 7.5 കോടി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാകുകയും ചെയ്തിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കഠിനാധ്വാനം ചെയ്യുന്ന യുവാക്കള്‍ മാത്രമാണ് ഇവിടെ ശിക്ഷിക്കപ്പെടുന്നത്. നീതി ആവശ്യപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതയ്ക്കുകയും കസ്റ്റഡിയിലെടുക്കുകയുമാണ്. ക്രമക്കേട് നടത്തുന്ന കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ തെരുവില്‍ വലിച്ചിഴക്കുകയാണെന്നും സര്‍ക്കാര്‍ യുവാക്കളെ സംരക്ഷിക്കുന്നതിന് പകരം വേട്ടയാടുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാജ്യസഭയില്‍ സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന ഖാര്‍ഗെയും വിഷയം ഉന്നയിച്ചു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന നീറ്റ് കുംഭകോണത്തെക്കുറിച്ചും ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നേരെ ലത്തിച്ചാര്‍ജ് നടത്താനും പ്രക്ഷോഭത്തെ തടിച്ചുടയ്ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചതിനെ കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്ര രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം രാജ്യത്തെ കുട്ടികള്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചുവിടുന്നത് പരിഹാസ്യമാണെന്നും രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും പാര്‍ലമെന്റ് ആരുടെയും വ്യക്തിപരമായ സ്വത്തല്ലെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ലോക്സഭയില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അവര്‍ എക്‌സിലൂടെ ആവശ്യപ്പെട്ടു.
അതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ ആലോചിച്ചിരുന്നെങ്കിലും, വിദ്യാര്‍ത്ഥി പ്രക്ഷോഭവും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന സമരങ്ങളും സോനം വാങ്ചുക്കിന്റെ വിഷയവുമാണ് കൂടുതല്‍ അടിയന്തര പ്രാധാന്യമുള്ളതെന്ന് സഖ്യകക്ഷികളായ സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ.എം തുടങ്ങിയവ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാന്‍ ഐക്യ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.
സമാജ്വാദി പാര്‍ട്ടി എം.പി ഇഖ്റ ചൗധരി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ്, സി.പി.ഐ.എം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. തെരുവില്‍ ചോരചിന്തുന്ന യുവാക്കളുടെ പ്രശ്‌നം അവഗണിച്ച് മുന്നോട്ടുപോകാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞുവീണ സാഹചര്യത്തില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭം യു.പി.എ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വഴിവെച്ചതുപോലെ, നിലവിലെ ജനകീയ രോഷവും ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാതെ മാറിനിന്നിരുന്ന മധ്യവര്‍ഗ്ഗവും യുവാക്കളും സര്‍ക്കാരിന്റെ നയപരമായ പരാജയങ്ങള്‍ കാരണം തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഇന്‍സ്റ്റാഗ്രാം ട്രോളുകളിലൂടെ തുടങ്ങി പിന്നീട് വലിയൊരു പ്രതിഷേധ സംഘമായി മാറിയ ‘കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) ഇതിനൊരു ഉദാഹരണമാണ്. സമാധാനപരമായ രീതിയില്‍, പൂക്കളും നയതന്ത്രപരമായ ഭാഷയും ഉപയോഗിച്ച് സമരം ചെയ്യുന്ന ഇവര്‍, തങ്ങളുടെ മുന്‍കാല അരാഷ്ട്രീയ നിലപാടുകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ തട്ടിപ്പുകള്‍ സാധാരണക്കാരായ മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ കുട്ടികളുടെ ഭാവിയെ നേരിട്ട് ബാധിച്ചതാണ് ഇത്തരമൊരു മാറ്റത്തിന് കാരണം. നിഷ്പക്ഷത എന്നത് നിലവിലുള്ള വ്യവസ്ഥിതിയെ പിന്തുണയ്ക്കല്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ്, അരാഷ്ട്രീയത ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്കും സോനം വാങ്ചുക്കിനെപോലുള്ള പോരാളികള്‍ക്കും പിന്തുണയുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ഭരണകൂടത്തിന് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്.