{"vars":{"id": "89527:4990"}}

ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്
 

 

ക്ഷേത്ര ദർശനത്തിനായി പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം മംഗളൂരു ഗെരുക്കാട്ടെ സംബോല്യ ബാരമേലുവിലെ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് പറയുന്നു. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ സംശയം

ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി സുമന്താണ് ബുധനാഴ്ച മരിച്ചത്. ധനുമാസത്തിലെ പ്രത്യേക ആചാരങ്ങളുടെ ഭാഗമായി എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് സുമന്ത് നാലായിലെ ദുർഗാപരമേശ്വരി ക്ഷേത്രം സന്ദർശിച്ചിരുന്നു. ബുധനാഴ്ചയും പുലർച്ചെ നാലരയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്

കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടത്. മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ തലയിൽ മൂന്ന് ശക്തമായ അടിയേറ്റതായി കണ്ടെത്തി. അടിയേറ്റ് തലയോട്ടി തകർന്നിട്ടുണ്ട്.