{"vars":{"id": "89527:4990"}}

രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ബോധരഹിതരായി വീണു; വാതക ചോര്‍ച്ചയെന്ന് സംശയം

 
രാജസ്ഥാനിലെ കോട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിൽ കൂട്ടത്തോടെ തലകറങ്ങി വീണു. സിമാലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗഡെപാനിലുള്ള ഒരു സർക്കാർ സ്‌കൂളിലെ 14 വിദ്യാര്‍ഥികളാണ് ബോധരഹിതരായതായി വീണത്. അടുത്തുള്ള ഫാക്‌ടറിയിൽ നിന്ന് വാതക ചോർച്ചയുണ്ടായാണ് വിദ്യാര്‍ഥികൾ ബോധരഹിതരായതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ബോധരഹിതരായ കുട്ടികളെ സി‌എഫ്‌സി‌എൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയിട്ടുണ്ട്. വിവരം ലഭിച്ചയുടന്‍ ജില്ലാ ഭരണകൂടവും പൊലീസിലും സ്ഥലത്തെത്തി. മെഡിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥരെയും സ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. വാതക ചോർച്ച സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല എല്ലാ കുട്ടികളും അപകടനില തരണം ചെയ്തെന്ന് കോട്ട ജില്ലാ കലക്‌ടർ ഡോ. രവീന്ദ്ര ഗോസ്വാമി അറിയിച്ചു. വിഷയം അന്വേഷിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ കഴിയൂ എന്നും കലക്‌ടര്‍ വ്യക്തമാക്കി. വാതക ചോർച്ചയുണ്ടായെന്ന് ഗ്രാമവാസികൾ പരാതി പറഞ്ഞിട്ടുണ്ടെന്ന് കോട്ട റൂറൽ എസ്‌പി സുജിത് ശങ്കർ പറഞ്ഞു. മുഴുവൻ കാര്യങ്ങളും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഗൗരവമായി കാണാന്‍ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള കോട്ടയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.