ആർത്തവ അവധി നിര്‍ബന്ധമാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; സ്ത്രീകളുടെ ജോലിക്ക് വെല്ലുവിളിയാകുമെന്ന് നിരീക്ഷണം
രാജ്യത്ത് സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇത് സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ വലിയ തിരിച്ചടിക്ക് കാരണമാകും. ആർത്ത അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയിലടക്കം തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരമൊരു നിയമം വന്നാൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരും. ആർത്തവമെന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി
കേരള സർക്കാർ സർവകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ എംആർ ഷംഷാദ് ചൂണ്ടിക്കാട്ടി. ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പിണറായി സർക്കാർ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം സ്വമേധയാ നടപ്പാക്കുന്ന രീതികളാണെന്നും നിയമം വഴി അടിച്ചേൽപ്പിച്ചാൽ സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാകുമെന്ന് കോടതി മറുപടി നൽകി