{"vars":{"id": "89527:4990"}}

തഹാവൂർ റാണ ആവശ്യപ്പെട്ടത് ഖുറാനും പേനയും പേപ്പറും; സെല്ലില്‍ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥൻ

 
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ഡൽ​​ഹിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇതിനെ തുടർന്ന് പ്രദേശത്ത് വലിയ സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റാണയ്ക്ക് യാതൊരു തരത്തിലുള്ള പ്രത്യേക പരിഗണനകൾ സെല്ലിൽ നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യ്തു. റാണ ആകെ ആവശ്യപ്പെട്ടത് ഒരു ഖുറാന്‍ ആണ്. അത് നൽകിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോർട്ട്. ഖുറാന് പുറമെ പേനയും പേപ്പറുമാണ് റാണ ആവശ്യപ്പെട്ടത്. അത് നല്‍കിയിട്ടുണ്ട്. ഉപദ്രവിക്കാൻ പേന ഉപയോഗിക്കുന്നുണ്ടോ എന്ന് ഉനിരീക്ഷിക്കുന്നുണ്ടെന്നും അതിനപ്പുറം, അദ്ദേഹം മറ്റ് ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഓഫീസർ പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം റാണയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ സാധിക്കും. നിലവില്‍ ഓരോ 48 മണിക്കൂറിലും ഇയാളുടെ വൈദ്യപരിശോധന നടത്തുന്നുമുണ്ട്. അതേസമയം അന്വേഷണത്തിന്റെ ഭാ​ഗമായി റാണയുടെ ശബ്ദ സാമ്പിൽ ശേഖരിച്ച് കോൾ റെക്കാഡുകൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് എൻഐഎ. ഭീകരാക്രമണത്തിന് ഫോണിലൂടെ റാണ നിർദേശം നൽകിയോയെന്ന് പരിശോധിക്കാനാണിത്. ഇത് പരിശോധിക്കാൻ റാണയുടെ സമ്മതം ആവശ്യമുണ്ട്.റാണ വിസമ്മതിച്ചാൽ എൻഐഎയ്ക്ക് കോടതിയെ സമീപിക്കാം. അനുമതി ലഭിച്ചുകഴിഞ്ഞാൽ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടി വിദഗ്ദ്ധർ എൻഐഎ ആസ്ഥാനത്തെത്തി സാമ്പിൾ ശേഖരിക്കും. ഇതിനു പുറമെ റാണയെ കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. ഭീകരാക്രമണത്തിന് പത്ത് ദിവസം മുൻപ് കൊച്ചിയിൽ എത്തിയ റാണ മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തിരുന്നു. ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഇവർ രണ്ട് ദിവസം ഇവിടെ താമസിച്ചാണ് മടങ്ങിയത്. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായാണ് തെളിവെടുപ്പ്. കൊച്ചിയിൽ ആരെക്കാണാനാണ് റാണ എത്തിയത് , ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദർശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളിൽ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാനാണ് എൻഐഎയുടെ ലക്ഷ്യം.