തമിഴ്നാട് പ്രചാരണ ചൂടിലേക്ക്; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ആവേശത്തിന് തുടക്കമായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു. സ്റ്റാലിൻ കൊളത്തൂരും വിജയ് പെരമ്പൂരും ഒരേ സമയം പത്രിക നൽകി.
റോഡ് ഷോ ആയാണ് സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മന്ത്രി ശേഖർ ബാബുവും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. വൻ വിജയം നേടുമെന്ന് സ്റ്റാലിൻ പ്രതികരിച്ചു.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പെരമ്പൂരിലുള്ള കോളജിൽ വച്ചാണ് വിജയ് നാമനിർദേശ പത്രിക നൽകിയത്. ആരാധകരും പ്രവർത്തകരും കോളെജിന് മുന്നിൽ തടിച്ചുകൂടി. വിജയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിങ്കളാഴ്ച തുടക്കമാവും.
ഏപ്രിൽ ആറ് വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. എന്നാൽ ഇതിനിടെ നാല് അവധി ദിവസങ്ങൾ വരുന്നതിനാൽ വേഗത്തിൽ പത്രിക സമർപ്പണം പൂർത്തിയാക്കാനാണ് സ്ഥാനാർഥികളുടെ നീക്കം. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.