{"vars":{"id": "89527:4990"}}

ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ

 

ചെന്നൈ: തമിഴ്‌നാട്ടിൽ പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഈ സമ്പൂർണ്ണ നിരോധനം നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകൾക്ക് അപ്പുറമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

​1958-ലെ തമിഴ്‌നാട് അനിമൽ പ്രിസർവേഷൻ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവെന്ന് സംസ്ഥാന സർക്കാർ ഹരജിയിൽ വാദിക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1960), കശാപ്പുശാല ചട്ടങ്ങൾ (2001) എന്നിവയുൾപ്പെടെയുള്ള നിയമങ്ങൾ മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നില്ലെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു. പൂർണ്ണമായ നിരോധനത്തിന് ഉത്തരവിട്ടതിലൂടെ, നിലവിലുള്ള നിയമ ചട്ടങ്ങൾക്ക് പകരം ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമാണം നടത്തുകയാണ് ചെയ്തതെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു.

​സംസ്ഥാന സർക്കാരിന്‍റെ സ്റ്റാൻഡിംഗ് കൗൺസിലറും അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായ ജയശ്രീ നരസിംഹനാണ് തമിഴ്‌നാടിന് വേണ്ടി സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. നിലവിൽ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിനായി ഹരജി 'ഡിഫക്റ്റ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരിക്കുകയാണ്.

​കഴിഞ്ഞ മെയ് 27-നാണ് ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ബക്രീദിനോ മറ്റ് ദിവസങ്ങളിലോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കോടതി നിർദേശിച്ചിരുന്നു. ഹിന്ദു മക്കൾ കക്ഷി ഭാരവാഹി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ വിധി.