{"vars":{"id": "89527:4990"}}

ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടു; അവര്‍ക്ക് തീരുമാനിക്കാമെന്ന് കെ സി വേണുഗോപാല്‍

 

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിജയ് പിന്തുണ തേടിയതായി കെ സി വേണുഗോപാല്‍ പറഞ്ഞു. ടിവികെ-കോണ്‍ഗ്രസ് സഖ്യ തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടു. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം. മതേതര സര്‍ക്കാരിന് വേണ്ടിയായിരുന്നു തമിഴ്‌നാട്ടിലെ ജനവിധിയെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കണമെന്നായിരുന്നു ആവശ്യം. വിജയ്ക്ക് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് നേരത്തേ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ഡിഎംകെയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

തെരഞ്ഞെടുപ്പില്‍ ടിവികെ വന്‍ തേരോട്ടമായിരുന്നു നടത്തിയത്. രൂപീകരിച്ച് രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ആദ്യം നേരിട്ട തെരഞ്ഞെടുപ്പില്‍ തന്നെ വിജയം സ്വന്തമാക്കി. 107 വോട്ടുകള്‍ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയ് വിജയം സ്വന്തമാക്കി. പെരമ്പൂരില്‍ വിജയ് നേടിയത് 1,20365 വോട്ടുകളാണ്. ഡിഎംകെയുടെ ആര്‍ ഡി ശേഖറിന് നേടാനായത് 66,650 വോട്ടുകള്‍ മാത്രമാണ്. ഇവിടെ 53,715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ്‌യുടെ വിജയം. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയ് നേടിയത് 91,381 വോട്ടുകളാണ്. ഇവിടെ വിജയ്‌യുടെ പ്രധാന എതിരാളിയായിരുന്ന ഡിഎംകെയുടെ എസ് ഇനിഗോ ഇരുഡയരാജിന് 63,965 വോട്ടുകളാണ് ലഭിച്ചത്. വിജയ്‌യുടെ ഭൂരിപക്ഷം 27,416.

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യത്തിന് 73 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഡിഎംകെ 59 സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റുമാണ് നേടിയത്.

എഐഎഡിഎംകെ സഖ്യം 52 സീറ്റും നേടി. കൊളത്തൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയത് ടിവികെ നേതാവായ വി എസ് ബാബുവായിരുന്നു. 8,795 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബാബുവിന്റെ വിജയം. തമിഴ്‌നാട്ടില്‍ ആകെ 234 സീറ്റുകളാണുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 118 സീറ്റുകള്‍ വേണം. വിജയ്ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കില്‍ പതിനൊന്ന് പേരുടെ കൂടി പിന്തുണ വേണം. ഇത് ലക്ഷ്യംവെച്ചായിരുന്നു വിജയ് കോണ്‍ഗ്രസിന് കത്തയച്ചത്.