{"vars":{"id": "89527:4990"}}

തെലങ്കാന ടണൽ ദുരന്തം; തകർന്ന ബോറിം​ഗ് മെഷീനുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തി

 
ബെം​ഗളൂരു: തെലങ്കാന ടണൽ ദുരന്തത്തിൽ കാണാതായ എട്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കേരളാ പോലീസിൻറെ മായ, മർഫി എന്നീ കഡാവർ നായ്ക്കളാണ് മൃതദേഹത്തി ഭാഗങ്ങൾ കണ്ടെത്തിയത്. ബോറിംഗ് മെഷിൻറെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തി മാത്രം കാണാവുന്ന തരത്തിൽ ഒരു യന്ത്രത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനം 17-ാം ദിവസത്തിലെത്തി നിൽക്കവെയാണ് , തകർന്ന എസ്‌എൽ‌ബി‌സി തുരങ്കത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കാണാതായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് ഉദ്യോ​ഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്. രണ്ട് എൻജിനീയർമാരും ആറ് തൊഴിലാളികളും ഉൾപ്പെടെ എട്ട് പേരാണ് തുരങ്കത്തിനുള്ളിൽ കിടക്കുന്നത്. ഏകദേശം 14 കിലോമീറ്റർ അകലെ അവശിഷ്ടങ്ങൾക്കിടയിലാണ് ഇവർ കുടുങ്ങിയിട്ടുള്ളത്. അതിൽ ഒരാളുടെ മൃതദേഹഭാഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ടണലിൽ ചെളിയും വലിയ കല്ലുകളും മൂടി കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളികളാണ് സൃഷ്ടിച്ചത്. ഫെബ്രുവരി 22നായിരുന്നു തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയിയുടെ ഭാഗമായാണ് ടണൽ നിർമാണം നടന്നത്. ഇതിനിടെ തൊഴിലാളികൾക്കും ബോറിങ് മെഷീനുകൾക്കും മുകളിലേക്ക് മൂന്ന് മീറ്റർ റൂഫിങ് ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ 50 തിനടുത്ത് തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു. ഇതിൽ 42 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിർമ്മിച്ച ശ്രീശൈലം അണക്കെട്ടിൽ നിന്ന് നാഗർ കുർണൂൽ, നഗൽകോണ്ട ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാ​ഗമാണ് ഈ തുരങ്കം.