ആര്യനെ കുടുക്കി ഷാരൂഖിൽ നിന്നും പണം തട്ടാനായിരുന്നു ലക്ഷ്യം; വാങ്കഡെക്കെതിരെ സിബിഐ എഫ്‌ഐആർ
 

 

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ എൻസിബി മുംബൈ മുൻ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റ് നാല് പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ് ഐ ആറിലെ വിവരങ്ങൾ പുറത്ത്. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഷാരുഖ് ഖാനിൽ നിന്ന് 25 കോടി നേടാൻ സമീർ വാങ്കഡെ ശ്രമിച്ചതായി എഫ് ഐ ആറിൽ പറയുന്നു

കേസിലെ സാക്ഷി കെ പി ഗോസാവിക്കൊപ്പം സമീർ ഗൂഢാലോചന നടത്തി. ഗോസാവി ഷാരുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും ആദ്യ ഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ് ഐ ആറിൽ പറയുന്നു. സമീർ വാങ്കഡെയെ കൂടാതെ എൻസിബി മുൻ എസ് പി വിശ്വവിജയ് സിംഗ്, എൻസിബി ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ, കെ പി ഗോസാവി, സാൻവിൽ ഡിസൂസ എന്നിവർക്കെതിരെയാണ് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്

2021 ഒക്ടോബർ 2ന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ വാങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോൾ ലഹരിയുമായി പിടിയിലായവർക്കൊപ്പം ആര്യൻ ഖാനും ഉണ്ടായിരുന്നത് മുതലെടുത്താണ് ഷാരൂഖിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് വ്യക്തമായതോടെ ആര്യനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കുകയും വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.