{"vars":{"id": "89527:4990"}}

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഡയറക്ടർമാർക്കെതിരെ വാറന്റ് പുറപ്പെടുവിച്ച് സുപ്രീം കോടതി

 

ന്യൂഡൽഹി: ഫ്ലാറ്റ് ഉപഭോക്താക്കളെ വഞ്ചിച്ച റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ പാർശ്വനാഥ് ഡെവലപ്പേഴ്‌സിന്റെയും (Parsvnath Developers) അതിന്റെ സഹോദര സ്ഥാപനങ്ങളുടെയും, ഡയറക്ടർമാരുടെയും ബാങ്ക് അക്കൗണ്ടുകൾ സുപ്രീം കോടതി അടിയന്തരമായി മരവിപ്പിച്ചു. കൂടാതെ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർക്കും ഡയറക്ടർമാർക്കുമെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

​ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള 'പാർശ്വനാഥ് എക്സോട്ടിക്ക' പ്രൊജക്റ്റിൽ രണ്ട് പതിറ്റാണ്ട് മുൻപ് പണം നിക്ഷേപിച്ച ഫ്ലാറ്റ് ഉപഭോക്താക്കളുടെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നൽകിയിട്ടും 20 വർഷമായിട്ടും ഫ്ലാറ്റ് കൈമാറാൻ കമ്പനി തയ്യാറായിരുന്നില്ല.

​തുടർന്ന് ഹരിയാന റെറ (HRERA) ഉപഭോക്താക്കൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവുകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് നിർമ്മാതാക്കൾ മുന്നോട്ട് പോയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നേരിട്ട് കടുത്ത നടപടികളിലേക്ക് കടന്നത്. റെറ ഉത്തരവുകൾ വെറും പേപ്പറിൽ മാത്രമായി ഒതുങ്ങുകയാണെന്ന് കോടതി അതൃപ്തി രേഖപ്പെടുത്തി.

​കമ്പനിയുടെ മാനേജിങ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും, അല്ലാത്തപക്ഷം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ വീഴ്ച വരുത്തിയ ഹരിയാനയിലെ പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹരിയാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് കോടതി നിർദ്ദേശം നൽകി.