{"vars":{"id": "89527:4990"}}

രാജ്യത്തിന് അദ്ദേഹത്തെ വേണം; നിരാഹാര സമരം അവസാനിപ്പിക്കാൻ സോനം വാങ്ചുകിനോട് അഭ്യർത്ഥിച്ച് സിജെപി

 

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP).

​തുടർച്ചയായ 25-ാം ദിവസത്തിലേക്ക് കടന്ന വാങ്ചുകിന്റെ നിരാഹാര സമരം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയ പശ്ചാത്തലത്തിലാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചത്. "രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ട്. അതുകൊണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിനായി അദ്ദേഹം ഉപവാസം അവസാനിപ്പിക്കണം" എന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി.

​എന്നാൽ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെയും പരീക്ഷാ സംവിധാനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നത് വരെയും പ്രതിഷേധം ശക്തമായി തുടരുമെന്ന് സിജെപി കൂട്ടിച്ചേർത്തു. അതേസമയം, വിഷയം പാർലമെന്റിൽ ഉന്നയിക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് സോനം വാങ്ചുക്.