നീറ്റ് പുനഃപരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ വൈകിയെത്തിയത് ഗതാഗതക്കുരുക്ക് മൂലമല്ല; കാരണങ്ങൾ വ്യക്തമാക്കി ബെംഗളൂരു ട്രാഫിക് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ നീറ്റ് യു.ജി (NEET-UG) പുനഃപരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ സാധിക്കാതെ പോയത് നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലമല്ലെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (BTP). പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാനുള്ള സമയപരിധി കഴിഞ്ഞെത്തിയ വിദ്യാർത്ഥികൾ പുറത്തുനിന്ന് കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് ഈ വിഷയത്തിൽ വിശദമായ ഫാക്ട് ചെക്ക് (വസ്തുതാ പരിശോധന) റിപ്പോർട്ട് പുറത്തുവിട്ടത്.
അന്ന് ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് റാലിയും സമ്മേളനവും കാരണമുണ്ടായ വൻ ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികൾ വൈകാൻ കാരണമെന്നായിരുന്നു രക്ഷിതാക്കളും പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ, റൂട്ട് വിശകലനം, വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നടത്തിയ ചർച്ചകൾ എന്നിവയ്ക്ക് ശേഷമാണ് പോലീസ് ഈ ആരോപണങ്ങൾ തള്ളിയത്.
പോലീസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
വൈകിയുള്ള യാത്ര: ആർ.ടി നഗറിലെ വീട്ടിൽ നിന്നും ഒരു വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെട്ടത് ഉച്ചയ്ക്ക് 12:57-നാണ്. എന്നാൽ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കേണ്ട അവസാന സമയം ഉച്ചയ്ക്ക് 1:30 ആയിരുന്നു. അതായത് സമയപരിധിക്ക് വെറും 33 മിനിറ്റ് മുൻപ് മാത്രമാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്.
ദൈർഘ്യമേറിയ വഴി തിരഞ്ഞെടുത്തു: പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാൻ എളുപ്പവഴികൾ ഉണ്ടായിരുന്നിട്ടും, വിദ്യാർത്ഥി കൂടുതൽ ദൂരമുള്ള മറ്റൊരു വഴിയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്.
സാധാരണ ട്രാഫിക്: നഗരത്തിൽ അന്ന് രാഷ്ട്രീയ പൊതുപരിപാടി നടന്നിരുന്നെങ്കിലും പരീക്ഷാർത്ഥികൾ സഞ്ചരിച്ച റൂട്ടിൽ ഗതാഗതം സാധാരണ നിലയിലായിരുന്നു. എവിടെയും അസ്വാഭാവികമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. കൂടാതെ ട്രാഫിക് പോലീസ് കൃത്യമായി വാഹനങ്ങൾ കടത്തിവിടാൻ സഹായിക്കുന്നുണ്ടായിരുന്നു.
ഗേറ്റുകൾ അടച്ച് മൂന്ന് മിനിറ്റുകൾക്ക് ശേഷം 1:33-നാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൃത്യസമയത്ത് വീട്ടിൽ നിന്നും ഇറങ്ങാത്തതും തെറ്റായ വഴി തിരഞ്ഞെടുത്തതുമാണ് വിദ്യാർത്ഥിക്ക് പരീക്ഷ നഷ്ടപ്പെടാൻ ഇടയാക്കിയ പ്രധാന കാരണങ്ങളെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.