{"vars":{"id": "89527:4990"}}

രാജ്യത്തെ നടുക്കിയ ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
 

 

ആന്ധ്രയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേരെ വധിച്ചു. മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മ(43) അടക്കമാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് ഹിദ്മ. ഇയാളുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു

2010ലെ ദന്തേവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. ആന്ധ്രയിലെ എഎസ്ആർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആകെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. 

ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. 2010ലെ ദന്തേവാഡ ആക്രമണത്തിൽ 76 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനിലെ സുപ്രധാന നീക്കമാണ് ഹിദ്മയെ വധിച്ചതിലൂടെ നേടിയത്.