{"vars":{"id": "89527:4990"}}

ബിഹാറിൽ എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പ്രധാനമന്ത്രി അടക്കമുള്ളവർ ചടങ്ങിനെത്തും
 

 

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്‌ന ഗാന്ധി മൈതാനത്തു സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുമെന്നാണ് അറിയുന്നത്. നിതീഷിന് പുറമെ ജെഡിയുവിൽ നിന്ന് പതിനാല് പേർ മന്ത്രിമാരാകും

16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 
ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവും നൽകാൻ ധാരണയായിട്ടുണ്ട്. ഇത് പത്താംതവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 243 സീറ്റിൽ 202 സീറ്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യാസഖ്യം 35 സീറ്റിൽ ഒതുങ്ങി. എൻഡിഎയിൽ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു.