ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ 'സൂപ്പർ സ്റ്റാർ'; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് കോക്രോച്ച് ജനത പാർട്ടി
ന്യൂഡൽഹി: ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറന്ന് 'കോക്രോച്ച് ജനത പാർട്ടി' (Cockroach Janata Party - CJP). രാഷ്ട്രീയ പരിഹാസത്തിന്റെയും (Political Satirical) ട്രോളുകളുടെയും രൂപത്തിൽ ആരംഭിച്ച ഈ കൂട്ടായ്മ, വെറും മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളെയാണ് സ്വന്തമാക്കിയത്. എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ 'സി.ജെ.പി' ഇപ്പോൾ വൻ തരംഗമാണ്.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടും സാമൂഹിക പ്രശ്നങ്ങളോടുമുള്ള ഇന്ത്യൻ യുവതലമുറയുടെ (Gen Z) ശക്തമായ പ്രതിഷേധവും വിയോജിപ്പുമാണ് ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. വെറുമൊരു തമാശയായി തുടങ്ങിയ പ്രസ്ഥാനം പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധ നേടുകയായിരുന്നു.
യുവജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കണ്ടെത്തിയ ഈ പുതിയ ഡിജിറ്റൽ വഴി നേപ്പാളിലെ 'ജെൻസി വിപ്ലവം' പോലെ വലിയൊരു ചലനമായി മാറുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകം ഉറ്റുനോക്കുന്നത്. രാഷ്ട്രീയ വിമർശനങ്ങൾ തികച്ചും വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിക്കുന്ന 'കോക്രോച്ച് ജനത പാർട്ടി' വരും ദിവസങ്ങളിൽ ഇന്ത്യൻ ഡിജിറ്റൽ സ്പേസിൽ കൂടുതൽ സജീവമാകുമെന്നാണ് സൂചനകൾ.