{"vars":{"id": "89527:4990"}}

പ്രതിപക്ഷം പാർലമെന്റിൽ ഉത്തരവാദിത്തം മറക്കുന്നു; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും തരൂർ
 

 

കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തെയും വെട്ടിലാക്കി വീണ്ടും ശശി തരൂർ. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉത്തരവാദിത്തം മറന്ന് പെരുമാറുന്നുവെന്ന് തരൂർ ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം നൽകുന്നതെന്നും തരൂർ കുറ്റപ്പെടുത്തി

പാർലമെന്റിനകത്ത് ചർച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതെ, ബഹളമുണ്ടാക്കി ചർച്ചകളെയും സഭാ നടപടികളെയും തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടരുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപി നടത്തിക്കൊണ്ടിരുന്ന അതേ രീതിയിലാണ് ഇന്ത്യാ സഖ്യം മുന്നോട്ടു പോകുന്നത്. ഇത് ശരിയല്ല

നഷ്ടമുണ്ടാകുന്നത് പ്രതിപക്ഷത്തിന് തന്നെയാണെന്നും ലേഖനത്തിൽ തരൂർ കുറ്റപ്പെടുത്തി. ചോദ്യോത്തര വേള, ശൂന്യവേള അടക്കം കേന്ദ്രത്തെ മുൾമുനയിൽ നിർത്താൻ സാധിക്കുന്ന അവസരങ്ങൾ ഫലപ്രദമായി പ്രതിപക്ഷം വിനിയോഗിക്കുന്നില്ല. സഭയിൽ നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നു. ഇതിനെല്ലാം കാരണം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം തന്നെയാണെന്നും തരൂർ ലേഖനത്തിൽ പറയുന്നു.