{"vars":{"id": "89527:4990"}}

എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ; സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്നു: കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

 

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്ത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ, എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

​ലോകമെമ്പാടുമുള്ള സർക്കാരുകൾ തങ്ങളുടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ പുതിയ വഴികൾ തേടുമ്പോൾ, മോദി സർക്കാർ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്ന തിരക്കിലാണെന്ന് കോൺഗ്രസ് നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു തവണയെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും, എത്രകാലം ഇങ്ങനെ കോർപ്പറേറ്റുകളെയും വലിയ മുതലാളിമാരെയും മാത്രം സർക്കാർ സംരക്ഷിക്കുമെന്നും കോൺഗ്രസ് ചോദിച്ചു.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായി വർധിക്കുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് ഇന്ത്യൻ വിപണിയെയും ബാധിക്കുന്നത് എന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം. എന്നാൽ ഇതിന്റെ മുഴുവൻ ഭാരവും ജനങ്ങളുടെ തലയിൽ കെട്ടിവെച്ച് കമ്പനികൾ ലാഭമുണ്ടാക്കാൻ കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം വരും ദിവസങ്ങളിലും വില വർധനവ് തുടരുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ് കോൺഗ്രസ് കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്.